തിരുവനന്തപുരം: നെൽകൃഷിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ കേരള കർഷക സംഘം 27ന് ലോക്ഭവൻ മാർച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് എം.വിജയകുമാർ അറിയിച്ചു.
നെൽകർഷകരെ സഹായിക്കാൻ സംസ്ഥാന സർക്കാർ നൽകുന്ന അധിക ബോണസ് നിർത്തലാക്കണമെന്നാണ് കേന്ദ്ര നിർദേശം. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരം കിലോയ്ക്ക് 40 രൂപയെങ്കിലും കൊടുക്കണമെന്നാണ്.
കേരളത്തിൽ കൊടുക്കുന്ന 30 രൂപയിൽ സംസ്ഥാന സർക്കാരിന്റെ ബോണസായി വരുന്നത് 6.80 രൂപയാണ്. 23.20 രൂപ കേന്ദ്ര ആനുകൂല്യവും. എന്നാൽ ഈ ബോണസ് കൊടുക്കാൻ പാടില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയത്തിൽ നിന്ന് ചീഫ് സെക്രട്ടറിക്ക് കത്ത് ലഭിച്ചതായും വിജയകുമാർ പറഞ്ഞു.
27ന് രാവിലെ 10 മാനവീയം വീഥിയിൽ നിന്ന് ആരംഭിക്കുന്ന ധർണ അഖിലേന്ത്യ കിസാൻ സഭ വൈസ് പ്രസിഡന്റ് ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും.